പത്തനംതിട്ട: പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യുവാവിനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ സി.പി.എം വാദം തള്ളി എക്സൈസ് വകുപ്പിൻറെ റിപ്പോർട്ട്.
യദു കൃഷ്ണനിൽ നിന്നും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്സൈസ് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് എക്സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി.
കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്‌സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.
ഉദ്യോഗസ്ഥർ കള്ളക്കേസെടുത്തു എന്നായിരുന്നു സി.പി.എം വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്നും അസീസെന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് പിന്നിലെന്നും സി.പി.എം ആരോപിച്ചിരുന്നു.
സി.പി.എമ്മിലേക്ക് 62 പേർ ചേർന്നത് ബി.ജെ.പിക്ക് ക്ഷീണമായി. ബി.ജെ.പി വിട്ട് പോകുന്നവർക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസിൽ പെടുത്തും എന്നതെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.