കോതമംഗലം: ചെറുവട്ടൂരിലും, കൂട്ടംപുഴ മണികണ്ഠൻ ചാലിലും കിണറിൽ വീണ പശുക്കളെ കോതമംഗലം അഗ്നി രക്ഷാ സേന രക്ഷിച്ചു.
വ്യാഴം വൈകിട്ട് നാലിന് ചെറുവട്ടൂർ 314 ജംഗ് ഷനിൽ കുറിയ മഠത്തിൽ രാമചന്ദ്രന്‍റെ പശുവിനെയും വൈകിട്ട് മണികണ്ഠൻചാൽ കല്ലുവെട്ടാം കുഴി ഷൈനിയുടെ പശുവിനെയുമാണ് സുരക്ഷിതമായി പുറത്തെടുത്തത്.
മണികണ്ഠൻചാലിലെ കിണർ ഇടുങ്ങിയതും ശുദ്ധവായു ഇല്ലാത്തതുമായിരുന്നു. അഗ്നിരക്ഷാ സേനാംഗം പി.എം.ഷാനവാസ് ശ്വസന ഉപകരണത്തിന്‍റെ സഹായത്തിൽ കിണറിൽ ഇറങ്ങി വളരെ പണിപ്പെട്ട് പശുവിനെ ബൽറ്റിൽ ബന്ധിച്ച് നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫി നേതൃത്വം നൽകി. വിഷ്ണു മോഹൻ, കെ.പി ഷമീർ, അനുരാജ് എം.ആർ, സുധീഷ് കെ.യു, ബാദുഷ കെ.എസ്, അരുൺ കെ.ആർ, സ്റുതിൻ പ്രദീപ്, അഖിൽ കെ.എം എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.