ഇടുക്കി: എൽ.ഡി.എഫ് ഭരിക്കുന്ന തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ എൽ.ഡി.എഫ് ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കൈക്കൂലി ആരോപണം. താൽക്കാലിക ജോലിക്കായി പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി ശിഹാബ് പണം ആവശ്യപ്പെട്ടതായും കബളിപ്പിച്ചതായുമാണ് യുവതിയുടെ പരാതി. പാമ്പാടുംപാറ പഞ്ചായത്തിൽ 11ആം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വീട്ടിൽ പി.വി സിമിയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പാമ്പാടുംപാറ പഞ്ചായത്തിൽ പാലിയേറ്റീവ് നേഴ്സ് തസ്തികയിലേക്ക് താൽക്കാലിക ജോലി നൽകാമെന്നും ഇതിനായി ഒന്നര ലക്ഷം രൂപ വേണമെന്നും പഞ്ചായത്ത് പ്രസിഡണ്ടും അദ്ദേഹത്തിന്റെ സന്തതസഹചാരിയും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഏപ്രിൽ മൂന്നാം തീയതി പഞ്ചായത്തിലെത്തി സർട്ടിഫിക്കറ്റുകളുടെ കോപ്പി കൈമാറി പഞ്ചായത്തിൽ നിന്നും അറിയിച്ചതനുസരിച്ച് 5ആം തീയതി ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം ജോലി ചെയ്ത യുവതിയോട് പിറ്റേ ദിവസം ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ച് ജോലിയിൽ നിന്നും പിരിച്ച് വിടുകയായിരുന്നു.
ഒരു മാസം സൗജന്യ സേവനം ചെയ്യണമെന്നും പിന്നീട് പഞ്ചായത്ത് കമ്മിറ്റി കൂടി മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാമെന്നും ഇതിനായി ഒന്നര ലക്ഷം രൂപ വേണമെന്നുമാണ് ആവശ്യപ്പെട്ടത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട എനിക്ക് അത്രയും തുക നൽകാൻ കഴിയില്ലെന്നും 75,000 രൂപ നൽകാമെന്നും അറിയിച്ചു.
ഇദ്ദേഹത്തെ അറിയാവുന്ന തന്റെ ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് ആണ് പണം കൊടുക്കാതിരുന്നതെന്ന് യുവതി വ്യക്തമാക്കി. പണം കൊടുക്കാതെ വന്നത് കൊണ്ടാണ് പിരിച്ച് വിട്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സമയത്താണ് ഈ നിയമനം നടന്നത്. താൽക്കാലിക നിയമനം നടത്തുമ്പോൾ പത്രത്തിൽ പരസ്യം ചെയ്യണമെന്ന കാര്യവും അവഗണിച്ച് കൊണ്ട് പണം വാങ്ങുന്നതിന് വേണ്ടിയാണ് നിയമനം നടത്തിയത്.
ഇതുപോലുള്ള താൽക്കാലിക നിയമനങ്ങൾ പഞ്ചായത്തിൽ നിരവധി നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ പേടിപ്പിച്ചാണ് ചുരുങ്ങിയ മാസം കാലാവധിയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികൾ. കൈക്കൂലി കേസിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പർമാർ ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കും വരെ തുടർ സമര പരിപാടികൾ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.