തൊടുപുഴ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലം മാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധതയും ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താൽപര്യങ്ങളും നടക്കുന്നതായി അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ. ഉത്തരവുകൾ നിരന്തരം ഇറക്കലും പിന്നാലെ തിരുത്തലുമാണ് നടന്നു വരുന്നത്. 2021ൽ പൊതുസ്ഥലം മാറ്റം സോഫ്റ്റ് വെയർ ഇല്ലെന്നുള്ള കാരണം പറഞ്ഞ് നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2022ലെ സ്ഥലംമാറ്റ നോട്ടിഫിക്കേഷൻ 2022 മാർച്ചിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇതേ വരെ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓൺലൈൻ സ്ഥലംമാറ്റം നടന്നിട്ടില്ല.
കൃഷി വകുപ്പ് ഡയറക്ടറിൽ നിന്നും അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരുടെ നിയമനവും സ്ഥലംമാറ്റവും ചില ഭരണാനുകൂല സംഘടനകളുടെ താൽപര്യപ്രകാരം ജില്ലാ തലത്തിലേക്ക് മാറ്റി. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം നടത്തുമ്പോൾ അതേ ജില്ലയിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഇതിന് പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കാത്തതിനാൽ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിരന്തരം ഉത്തരവ് ഇറക്കുകയും തിരുത്തുകയുമാണ്. മറ്റ് ജില്ലകളിൽ കൂടുതൽ സേവനമനുഷ്ഠിച്ചവർക്ക് മാതൃജില്ലയിലേക്ക് സ്ഥലം മാറ്റത്തിന് മുൻഗണന എന്ന നിബന്ധന പാലിക്കപ്പെടാത്തത് അടക്കം അനേകം ക്രമവിരുദ്ധതകളുമായാണ് ഉത്തരവുകൾ ഇറങ്ങുന്നത്.
ഒരു കൃഷിഭവനിൽ മൂന്ന് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികയണുളളത്. എന്നാൽ ഇപ്പോഴത്തെ ഉത്തരവിൽ അഞ്ച് കൃഷി അസിസ്റ്റന്റുമാരെ വരെ നിയമിച്ചിരിക്കുന്നു. രണ്ട് ഒഴിവുകളുള്ള ചിലയിടങ്ങളിൽ ഒരാളെ മാത്രം നിയമിച്ചിട്ടുമുണ്ട്. ശേഷിക്കുന്ന ഒഴിവിൽ ഓഫ് ലൈൻ ആയി ഇഷ്ടക്കാരെ തിരുകി കയറ്റാനുളള നീക്കമാണിത്. അപേക്ഷിച്ച എല്ലാ ജീവനക്കാർക്കും മാറ്റം നൽകിയിട്ടില്ല. ഒഴിവുകൾ ഒന്നും നികത്താത്ത ഓഫീസുകളുമുണ്ട്. സ്ഥലം മാറ്റം അനിവാര്യമാണെങ്കിൽ മാത്രം എന്ന വ്യവസ്ഥ വെക്കാനുളള അവസരം ഇല്ലാതാക്കുകയും ചെയ്തു. ഇതോടെ സ്ഥലം മാറ്റത്തിന്റെ സമയമല്ലാത്ത ജനുവരിയിൽ തലങ്ങും വിലങ്ങും ജീവനക്കാരെ മാറ്റിയതായും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി പ്രസാദ് അറിയിച്ചു.