Timely news thodupuzha

logo

അതിഥി തൊഴിലാളിയെ പട്ടിക്കൂടിൽ താമസിപ്പിച്ച സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി

കൊച്ചി: പിറവത്ത് അതിഥി തൊഴിലാളിയെ 500 രൂപ മാസവാടകക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ നടപടി. പശ്ചിമ ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ്(37) പട്ടിക്കൂട്ടിൽ കഴിഞ്ഞ മൂന്നു മാസമായി വാടകയ്ക്ക് കഴിയുന്നത്.

പട്ടിക്കൂടിന് വാടക വാങ്ങുന്ന സ്ഥലമുടമ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. സംഭവം വാർത്തയായതോടെ വിശദമായി അന്വേഷണം നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദേശം നൽകി.

നാല് വർഷം മുമ്പ് നാട്ടിലെത്തിയ ശ്യാം സുന്ദറിന് മുറിയെടുത്ത് താമസിക്കാൻ പണമില്ലാത്തതിനാലാണ് പട്ടിക്കൂട്ടിൽ താമസിക്കുന്നതെന്നാണ് പറഞ്ഞത്. ഇദ്ദേഹത്തിൻറെ കൈയിൽ പണമില്ലാത്തതിനാൽ വീടിൻറെ ഉടമയാണ് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് നൽകിയത്.

പട്ടിക്കൂടിൻറെ ഗ്രില്ലിനു ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പൂട്ടും താഴും ഉണ്ട്. ഇതിനകത്തു തന്നയാണ് പാചകവും കിടപ്പും എല്ലാം. പട്ടിക്കൂടിന് സമീപത്തെ പഴയ വീട് അതിഥി തൊഴിലാളികൾക്കടക്കം വാടകയ്ക്ക് നൽകിയിരിക്കുന്നു. അവർ നൽകുന്ന വാടകക്കാശ് തനിക്ക് നൽകാൻ കഴിയാത്തതിനാലാണ് ശ്യാം സുന്ദർ പട്ടിക്കൂട് വീടാക്കി എടുത്തതെതെന്നാണ് പറയുന്നത്.

പട്ടിക്കൂട്ടിൽ ഒരാൾ താമസിക്കുന്നുണ്ടെന്ന വിവരം നാട്ടുകാരിലൊരാൾ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദർ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന സംശയത്തിലാണിപ്പോൾ പൊലീസ്. ശ്യാംസുന്ദറിൽ നിന്ന് പൊലീസ് മൊഴിയെടുത്തുവെങ്കിലും നിലവിൽ ആരുടെയും പേരിൽ കേസെടുത്തിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *