Timely news thodupuzha

logo

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുടെ തുണയായി മാറണം: കേരള കോൺഗ്രസ്സ്(എം)

നെടുങ്കണ്ടം: ഏതാനും മാസം മുൻപുണ്ടായ വരൾച്ചയിലും തുടർന്നുണ്ടായ അതി ശക്തമായ കാലവർഷത്തിലും കാർഷിക മേഖലയിൽ അതിരൂക്ഷമായ നാശനഷ്ടമാണ് ഉണ്ടായത്. വേനൽ കെടുതിയിൽ ഏലം ഉൾപ്പെടെയുള്ള നാണ്യ വിളകൾക്കും തന്നാണ്ട് കൃഷികൾക്കുമുണ്ടായ നാശനഷടം കൃത്യമായി വിലയിരുത്തി സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിനും പുനഃകൃഷി ചെയ്യുന്നതിനും സാമ്പത്തികവും വിത്തും വളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യമാണ്. ഇടുക്കി ജില്ലയ്ക്ക് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പട്ടയം ഉള്ളതും ഇല്ലാത്തതുമായ കൃഷി ഭൂമിയിലെ ഏല കൃഷി നാശത്തിനു ധന സഹായംഅനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

അപേക്ഷ നൽകുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നതിനാൽ പല കർഷകർക്കും അപേക്ഷ സമർപ്പിക്കുവാൻ സാധിച്ചിട്ടില്ല ആയതിനാൽ അപേക്ഷ സ്വീകരിക്കുന്നതിനുളള തീയതി നീട്ടി നൽകണം. പാക്കേജിൽ അനൂകൂല്യം ലഭ്യമാക്കിയതിനാൽ കാർഷിക മേഖലയിൽ നടപ്പിലാക്കേണ്ട അടിസ്ഥാന പദ്ധതികൾ വകുപ്പ് മുഖേന തയാറാക്കി നൽകേണ്ടതുണ്ട്. ഇത് സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും കേരളം കോൺഗ്രസ്സ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.

കർഷകർക്ക് ഉണ്ടാക്കുന്ന വിള നഷ്ടം പരിഹരിക്കുന്നതിനും കൃഷി ഉന്നമനത്തിനുമായി സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ ഉദ്ദേശിച്ച ഗുണ പ്രാപ്തിയിൽ എത്തണമെങ്കിൽ കൃഷി ഓഫീസർ, കൃഷി അസിറ്റന്റ്മാർ തുടങ്ങയിവർക്ക് കർഷകരുമായി നേരിട്ട് ബന്ധം ഉണ്ടാകണം.

എന്നാൽ പല പഞ്ചായത്തുകളിലെ കൃഷി ഓഫീസറുമാരും ഇത്തരം കാര്യങ്ങളിൽ പഞ്ചായത്ത് ഭരണ സമിതിയുമായി മാത്രം ബന്ധപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലവിൽ ഉള്ളത്. ഇത് കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും പര്യാപ്തമല്ല.

കർഷകരെ ഉൾപ്പെടുത്തി വാർഡ് തല അവലോകനം നടത്തുന്നതിനും പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥർ തയ്യാറാകണം. വളം, കീടനാശിനികളുടെ ഉപയോഗം ഓരോ രോഗങ്ങൾക്കും ഏതെല്ലാം കീടനാശിനികൾ പ്രയോഗിക്കണം ജൈവ കൃഷിയുടെ പ്രാധാന്യം കാർഷികോത്പന്നങ്ങളുടെ വിപണനം എന്നിവ ഉറപ്പാക്കി ചെറുകിട കാർഷിക മേഖലയെ കൂടി പിടിച്ച് നിർത്തേണ്ടതായിട്ടുണ്ട് .കൃഷി ആവശ്യത്തിനായി വിവിധ തരം യന്ത്രങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും ഇവയുടെ പ്രയോജനം കർഷകർക്ക് ലഭ്യമാകുന്നില്ല.

ഇത്തരം ഉപകരണങ്ങളുടെ ഉപയോഗതയും ലഭ്യതയും ഉറപ്പാക്കണം. വിദഗ്ധ തൊഴിലാളികളുടെ സേവനം ആവശ്യമുള്ള മേഖലയിൽ ഇത് ലഭ്യമാക്കുന്നതിന് രൂപീകരിച്ച അഗ്രോ സെന്റററുകളുടെ പ്രവർത്തനം നിലച്ച സ്ഥിതിയിലാണ്. ആവശ്യത്തിനുള്ള തൊഴിലാളികളെ ലഭ്യമാക്കാതെ ഉപകരണങ്ങളുടെ നാശനഷ്ടം സംഭവിച്ച് കൊണ്ടിരിക്കുകയാണ് .അഗ്രോ സെന്റററുകൾ ഭരണ സമിതി ഉൾപ്പെടെയുള്ളവ പുനഃ ക്രമീകരിക്കണം എന്നും ജോസ് പാലത്തിനാൽ പറഞ്ഞു.

ക്രമ രഹിതമായ വളം കീടനാശിനികളുടെ പ്രയോഗവും കർഷകർക്ക് വിനയാവുകയാണ് .തൊഴിലാളികൾ കൂലി വർധിപ്പിച്ചതും ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും യന്ത്ര സാമഗ്രഹികൾ ലഭ്യമാകാത്തതും കൃഷി ലാഭകരമല്ലാതാക്കി മാറ്റിയതോടെ യുവ ജനതയെ കൃഷിയിൽ നിന്ന് അകറ്റുകയാണ്.

കൃഷി ഇല്ലാതാകുന്നതോടെ കേരളം ഉപഭോഗ സംസഥാനമായി മാറും .ഇത് നാളെകളിൽ ഭക്ഷ്യ മേഖലയിൽ വലിയ വിപത്താണ് വരുത്തി വയ്ക്കുക അതിനാൽ കൃഷിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും കൃഷി വകുപ്പിന്റെ സേവനം കർഷകരിൽ എത്തിക്കുന്നതിനും നടപടികൾ ഉണ്ടാകണമെന്ന് ജോസ് പാലത്തിനാൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *