കൊച്ചി: സ്വത്ത് തർക്കത്തിനിടെ അമ്മയുടെ മുന്നിൽ വെച്ച് രണ്ട് മക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരൻറെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.
റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബുവെന്ന തോമസ് ചാക്കോയുടെ(47) വധശിക്ഷയാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ചാണ് വധശിക്ഷ ഒഴിവാക്കിയത്.
പ്രതിക്ക് 30 വർഷത്തെ ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചു. ഇളവുകളില്ലാതെയാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക.
അമ്മയുടെ കൺമുന്നിലിട്ട് രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
എന്നാൽ, വിചാരണ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുകയെന്ന് പരിശോധിക്കുക ആയിരുന്നു.
ഇതിന് ശേഷമാണ് വധശിക്ഷ റദ്ദുചെയ്യുകയും ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തത്. കൂടാതെ പ്രതിയുടെ ജയിൽ ജീവിത റിപ്പോർട്ടും പരിഗണിച്ചാണ് ജീവപര്യന്തമായി ശിക്ഷ കുറച്ചത്.
സ്വത്ത് തർക്കത്തെ തുടർന്ന് 2013 ഒക്ടോബർ 27നായിരുന്നു മാടത്തേത്ത് വീട്ടിൽ ഷിബുവെന്ന തോമസ് ചാക്കോ സഹോദരൻ ഷൈബിൻറെ മക്കളായ മെബിൻ(3), മെൽബിൻ(7) എന്നിവരെ അമ്മയുടെ കൺമുന്നിലിട്ട് കുത്തി കൊലപ്പെടുത്തിയത്.
സംഭവ ദിവസം രാവിലെ ഇവരുടെ വീട്ടിലെത്തിയ ചാക്കോ മുറ്റത്ത് നിൽക്കുകയായിരുന്ന മെൽബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം വീടിന് അകത്തായിരുന്ന മെബിനേയും കുത്തി കൊലപ്പെടുത്തി.