മലപ്പുറം: കുടുംബ കോടതിക്ക് മുന്നിൽ വച്ച് ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പോരൂർ കിഴക്കേക്കര വീട്ടിൽ കെ.സി ബൈജു മോനാണ്(28) അറസ്റ്റിലായത്.
വെട്ട് കൊണ്ട് മാരകമായി പരുക്കേറ്റ കാവനൂർ ചെരങ്ങക്കുണ്ടിൽ ശാന്തയെ(55) മഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ബൈജുമോൻറെ ഭാര്യ ദിൽഷയുടെ(34) അമ്മയാണ് ശാന്ത. ചൊവ്വാഴ്ച വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങിനെത്തി മടങ്ങുമ്പോഴാണ് സംഭവം.
ഓട്ടോയിലെത്തിയ ബൈജുമോൻ ആദ്യം ദിൽഷയെ ഓട്ടോ കൊണ്ട് ഇടിച്ച് താഴെ വീഴ്ത്തിയിരുന്നു. വീണ് കിടന്ന ദിൽഷയെ ആക്രമിക്കാൻ ശ്രമിച്ച ബൈജുമോനെ ശാന്ത തടഞ്ഞു.
ഇതിനിടെയാണ് ഇയാൾ ഓട്ടോയിൽ കരുതിയ വെട്ടുകത്തിയും കഠാരയുമെടുത്ത് ആക്രമണം നടത്തിയത്. ആദ്യം കഠാര കൊണ്ട് ശാന്തയുടെ മുടി മുറിക്കുകയും അതിന് ശേഷം വെട്ട് കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.
ബഹളം കേട്ട് എത്തിയ അഭിഭാഷകനും നാട്ടുകാരുമാണ് ഇയാളെ പിടിച്ച് വച്ചത്. ശാന്തയുടെ പരുക്ക് ഗുരുതരമാണ്. ബൈജുമോനും ദിൽഷയും 2016ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.
കുറച്ച് വർഷങ്ങളായി ഇരുവരും അകൽച്ചയിൽ ആയിരുന്നു. കഴിഞ്ഞ വർഷം ദിൽഷ വിവാഹ മോചനത്തിനായി കേസ് കൊടുത്തു. അതിൻ്റെ ഭാഗമായുള്ള കൗൺസിലിങ്ങിനായാണ് ചൊവ്വാഴ്ച കളക്റ്ററേറ്റ് വളപ്പിലുള്ള കുടുംബ കോടതിയിൽ ഇരുവരും എത്തിയത്.