Timely news thodupuzha

logo

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക്

കോതമംഗലം: പനി ഭീതിയിൽ കോതമംഗലം. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തത് രണ്ട് മാസം മുമ്പാണ്.

കഴിഞ്ഞ മാസമായിരുന്നു കൂടുതൽ രോഗ ബാധിതർ. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

നിലവിൽ പത്ത് പഞ്ചായത്തു കളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ച 32 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരെല്ലാം ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചവരാണ്.

ഇതിൻറെ ഇരട്ടിയോളം ആളുകൾ രോഗലക്ഷണം സംശയിക്കുന്നവരുമാണെന്നാണ് അനൗദ്യോഗിക കണക്ക്. ഏറ്റവും കൂടുതൽ രോഗബാധിതർ കോട്ടപ്പടി പഞ്ചായത്തിലാണ്. ഇവിടെ ആറ് പേർ ചികിത്സയിലുണ്ട്.

പിണ്ടിമനയിലും, കവളങ്ങാടും നാല് പേർ വീതവും നെല്ലിക്കുഴിയിലും, വാരപ്പെട്ടിയിലും, കുട്ടംപുഴയിലും, പല്ലാരിമംഗലത്തും മൂന്ന് പേർ വീതവും പൈങ്ങോട്ടൂർ പഞ്ചായത്തിലും, കോതമംഗലം നഗരസഭയിലും രണ്ട് പേർ വീതവും, പോത്താനിക്കാട് ഒരാളുമാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കീരംപാറ പഞ്ചായത്തിൽ നിലവിൽ രോഗ ബാധിതരില്ല. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് കൊതുകിൻറെ ഉറവിട നശീകരണ പ്രവർത്തനം നടത്തി വരുന്നു.

ഫോഗിങ്, രോഗബാധിതർ താമസിക്കുന്ന വീട്ടിൽ ഇൻഡോർ സ്പെയ്‌സ് സ്പ്രേ, വെള്ളക്കെട്ടുകളിൽ കൂത്താടി നശീകരണം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ആശ പ്രവർത്തകർ വാർഡ് അടിസ്ഥാനത്തിൽ സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് നശീകരണപ്രവർത്തനം ഊർജിതപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *