തൊടുപുഴ: കാർഗിൽ യുദ്ധത്തിൽ വെട്ടിമറ്റം സ്വദേശി ലാൻസ് നായ്ക് പി.കെ സന്തോഷ് കുമാർ ഉൾപ്പെടെ വീരമൃത്യു വരിച്ച ജവാന്മാർ രാജ്യത്തിന്റെ യശസുയർത്തിയെന്ന് മുൻ മന്ത്രി പി.ജെ ജോസഫ് എം.എൽഎ പറഞ്ഞു.
25ആം കാർഗിൽ യുദ്ധ വിജയ് ദിവസിൽ തൊടുപുഴ കാർഗിൽ സ്മൃതി മണ്ഡപത്തിൽ പൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ കമ്മിറ്റിയും എൻ.സി.സി ന്യൂമാൻ കോളേജ് യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു പി.ജെ ജോസഫ് എം.എൽ.എ.
ന്യൂമാൻ കോളേജ് എൻ.സി.സി വിഭാഗം മേധാവി ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിന്റെ നേതൃത്വത്തിൽ എൻ.സി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ പരേഡ് നടത്തി. റിട്ട. എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ പുഷ്പചക്രം സമർപ്പിച്ചു.
എൻ.സി.സി മുവാറ്റുപുഴ 18 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ പ്രശാന്ത്നായർ മുഖ്യാതിഥി ആയിരുന്നു. പൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് സോമശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ ജേക്കബ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് മെമ്പർ ടെസി മോൾ മാത്യു, സേവാഭാരതി ജില്ലാ രക്ഷാധികാരി രവീന്ദ്രൻ നായർ, കെ.എൻ രാജു, കുടയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരൻ, തോമസ് കുഴിഞ്ഞാലി, ലാൻസ് നായ്ക് സന്തോഷ് കുമാറിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.