തിരുവനന്തപുരം: വിവിധ ജില്ലകളിൽ അതിശക്ത മഴ തുടുരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. തിങ്കളാഴ്ച കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5 ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്.
വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുകയാണ്. പെരുമഴയെത്തുടര്‍ന്ന് കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കോഴിക്കോട് മലയോര മേഖലയിലും വയനാട് മേപ്പാടിയിലും തീവ്രമഴ തുടരുകയാണ്.
ചാലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ചെമ്പുകടവ് പാലം മുങ്ങിയതിനെ തുടർന്ന് ഗതാതഗതം നിരോധിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. താമരശേരി അമ്പായത്തോട് വീടുകൾക്കു മുകളിൽ മരം വീണ് ഏഴ് ഓളം വീടുകൾ തകർന്നു.
ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വയനാട് വെളളരിമലയിൽ വീടുകളിൽ വെള്ളം കയറി. മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയരുകയാണ്.
ഇടുക്കിയിലും എറണാകുളത്തും തിരുവനന്തപുരത്തും രാവിലെ മുതല്‍ മഴ ശക്തമായിരുന്നു. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.