Timely news thodupuzha

logo

ഡൽഹിയിലെ ഐ.എഎ.സ് കോച്ചിങ്ങ് സെന്‍ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായി

ന്യൂഡൽഹി: കനത്ത മഴയിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമ വിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്.

ബേസ്‌മെന്‍റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമായിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്‍റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി ആരംഭിച്ചു. സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗർ ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു.

ഇന്നും വിവിധ കോച്ചിങ്ങ് സെന്‍ററുകളില്‍ പരിശോധന തുടരും. അനധികൃതമായി ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്ന നിരവധി കോച്ചിങ്ങ് സെൻ്ററുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും കോർപ്പറേഷൻ അറിയിച്ചു.

ഇത്തരത്തിൽ ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ 13 കോച്ചിംഗ് സെന്‍ററുകൾക്ക് എതിരെയാണ് നടപടിയെടുത്തത്. ദുരന്തത്തില്‍ പ്രതിഷേധിച്ച് കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം രണ്ട് ദിനവും തുടരുകയാണ്.

സമരത്തില്‍ നിന്നും പിന്മാറില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം, ദുരന്തത്തില്‍ മരിച്ച എറണാകുളം നീലിശ്വരം സ്വദേശി നിവിന്‍ ഡാല്‍വിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *