കോഴിക്കോട്: വയനാട്ടിൽ വൻ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. വയനാട്ടിലെ മിക്ക റോഡുകളും തകർന്ന നിലയിലാണ്.
ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ഒലിച്ച് പോയി. ഇത് സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്തത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇവിടങ്ങളിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. നിരവധി പേരെ കാണാതായി. ഉരുൾപൊട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ 33 പേർ ചികിത്സ തേടിയിട്ടുണ്ട്. പാലം തകർന്നതോടെ മുണ്ടക്കൈയും ചൂരൽമലയും ഒറ്റപ്പെട്ടു.