കൽപ്പറ്റ: ഉരുൾ പൊട്ടലുണ്ടായ വയനാട്ടിൽ മരണ സംഖ്യ 153 ആയി. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പരുക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാലിയാര്‍ പുഴയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ ഇതുവരെ 18 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തില്‍ പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്.
ഉരുള്‍ പൊട്ടലില്‍ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്.
ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക.