ഇടുക്കി: മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടർ വി വിഘ്‌നേശ്വരിയുടെ അറിയിപ്പ് കൗതുകമായി. കളക്ടർ ആണെന്ന് വെച്ച് വെറുതെ അവധി പ്രഖ്യാപിക്കാൻ ഒന്നും പറ്റില്ലെന്ന് പറഞ്ഞ് ആണ് കുറിപ്പ് തുടങ്ങുന്നത്. അവധി ആവശ്യപ്പെട്ട് നിരവധി ആളുകൾ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ മെസ്സേജ് അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇത്തരത്തിൽ കളക്ടറുടെ രസകരമായ പ്രതികരണം.
ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും: കുട്ടികളെ മഴയും കാറ്റും എല്ലാം കാരണം നാളെ അവധി ആണ് കേട്ടോ. വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ പുസ്തക ങ്ങൾ, ലൈബ്രറി ബുക്കുകൾ വായിക്കാൻ ശ്രമിക്കണേ. വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം കളക്ടർ ആണെന്ന് വച്ച് വെറുതെയങ്ങ് അവധി പ്രഖ്യാപിക്കാൻ ഒന്നും പറ്റില്ല കേട്ടോ. താലൂക്കുകളിൽ നിന്നും പോലീസിൽ നിന്നും ഒക്കെ റിപ്പോർട്ടുകൾ കിട്ടണം.
പിന്നെ ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാവൂ. പറഞ്ഞുവന്നത് എഫ്ബിയിൽ ബഹളം വെച്ചിട്ട് കാര്യമില്ല എന്നാണ്. അപ്പോൾ നേരത്തെ പറഞ്ഞത് മറക്കേണ്ട, സമയം വെറുതെ കളയരുത്.
ഏതായാലും
കളക്ടറുടെ വ്യത്യസ്ഥമായ സന്ദേശം ഏറ്റെടുത്തിരിക്കുക ആണ് കുട്ടികളും മുതിർന്നവരും.