തൊടുപുഴ: വയനാട് ദുരിതാശ്വാസ ക്യാംപിലേക്ക് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സമാഹരിക്കുന്ന സാധനങ്ങൾ നൽകാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോയ യുവാവിനെ നാലംഗ സംഘം ആക്രമിച്ച് പരുക്കേൽപിച്ച് സ്വർണമാല പറിച്ചെടുത്തു. പടിഞാറേ കോടിക്കുളം ചെറുതോട്ടിൻ കരയിലാണ് ബുധനാഴ്ച സന്ധ്യയോടെ നാലംഗ സംഘം യുവാവിനെ ആക്രമിച്ചത്. പടിഞ്ഞാറേ കോടിക്കുളം കണ്ണമ്പുഴയിൽ ദീപുവിനെയാണ്(31) ആക്രമിച്ചത്.
മുഖത്തും തലയിലും പരുക്കേറ്റ ദീപു മുതലക്കോടം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാലംഗ സംഘമാണ് ദീപുവിനെയും സുഹൃത്തിനെയും ബൈക്ക് തടഞ്ഞ് ആക്രമിച്ചത്. അക്രമത്തിനു ശേഷം സംഘം സ്ഥലം വിട്ടു. മൂന്നു പവൻ്റെ മാലയുടെ മുക്കാൽ ഭാഗവും അക്രമികൾ കൊണ്ടു പോയതായി ഇവർ പറഞ്ഞു. കാളിയാർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സ്ഥിരം അക്രമം നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.