തിരുവനന്തപുരം: ബലി തര്‍പ്പണത്തിനായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ഭക്തരെക്കൊണ്ട് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
തിരുവല്ലം, ശംഖുംമുഖം, വര്‍ക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുമുല്ലവാരം, ആലുവ മണപ്പുറം, തൃക്കുന്നപ്പുഴ, ആലുവ ശിവക്ഷേത്രം, തിരുനെല്ലി എന്നിവിടങ്ങളിലാണ് പ്രധാനമായും ബലി തര്‍പ്പണത്തിന് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്.
ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലര്‍ച്ചെ നാലിന് ആരംഭിക്കുന്ന തര്‍പ്പണം ഉച്ച വരെ നീളും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടു മണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.
ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും കടവുകളിലും പുരോഹിതരെയും സഹപുരോഹിതരെയും ദേവസ്വം വകുപ്പ് നിയമിക്കുന്നുണ്ട്. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെയും മുന്നൊരുക്കം വിലയിരുത്താന്‍ സര്‍ക്കാര്‍ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.
അപകട സാധ്യതയുള്ള കടവുകളില്‍ ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസും നടത്തും.