കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ കഴിഞ്ഞരാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയില്‍ കറുകപ്പിള്ളില്‍ ജോസെന്ന കര്‍ഷകന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്ന മുന്നൂറോളം വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്.
കപ്പ കൂടാതെ വാഴയും ഇഞ്ചിയും കയ്യാലയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ ഉപജീവനമാര്‍ഗം നശിപ്പിക്കുന്ന കാട്ടാനയെയാണ്. ടോര്‍ച്ചടിച്ചും ഒച്ചവച്ചും ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന തിരിച്ചോടിച്ചെന്നും തങ്ങള്‍ വീട്ടില്‍ അഭയം തേടിയെന്നും ജോസ് പറയുന്നു.
തുടര്‍ന്ന് ഫോസ്റ്റ് ഓഫീസിലേക്ക് വിവരം അറിയിച്ചശേഷം നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് ആനയെ തുരത്തിയത് . അപ്പോഴെക്കും ആന കൃഷിയെല്ലാം നശിപ്പിച്ചിരുന്നു.
അതേസമയം തന്നെ മറ്റ് ആനക്കൂട്ടങ്ങള്‍ വേട്ടാമ്പാറയിലെ പല പ്രദേശങ്ങളിലും ഇറങ്ങി കൃഷിനാശം വരുത്തിയതയി പ്രദേശവാസികള്‍ പറഞ്ഞു.
മുണ്ടയ്ക്കല്‍ ജോസ് തോമസിന്റെയും മറിയേലി തങ്കപ്പന്റെയും ധാരാളം ഫലവൃക്ഷങ്ങളും കൃഷിയും ആനകള്‍ നശിപ്പിക്കുകയുണ്ടായി. പള്ളൂപ്പട്ട സിജോ എന്ന കര്‍ഷകന്റെ രണ്ടര ഏക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ പൈനാപ്പിള്‍ കൃഷിയിലും ആന കയറി 50000ഓളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഏറെ നാളുകളായി ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.
ഇതുമൂലം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. വന്യമൃഗഗല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നാശത്തിന് അര്‍ഹമായ നഷ്ടപരിഹരം നല്‍കണമെന്നും ജോസ് കറുകപ്പിള്ളി ആവശ്യപ്പെട്ടു.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം വന്യമൃഗശല്യം മൂലം നിക്ഷേധിക്കപ്പെടുന്നത് തുടര്‍ന്നാല്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച വേട്ടാമ്പാറ പള്ളി വികാരി ഫാ. ജോഷി നിരപ്പേല്‍ പറഞ്ഞു.