ഇടുക്കി: മൂന്നാർ ഗ്രാമപഞ്ചാത്തിൽ ഭുമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗത്തിലുള്ളയാൾക്ക് അനുവദിച്ച മൂന്നാർ എം.ജി കോളനിയിലെ 179ആം നമ്പർ സ്ഥലം ശരവണൻ എന്നയാളിൽ നിന്നും രണ്ടാഴ്ചക്കകം ഒഴിപ്പിച്ച് പൊൻമണി എന്നയാൾക്ക് നൽകിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തനിക്ക് സർക്കാർ അനുവദിച്ച 2 ½ സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചൊക്കനാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന പൊൻമണി സമർപ്പിച്ച പരാതിയിലാണ് നടപടി.
മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 179ാം നമ്പർ പ്ലോട്ട് പരാതിക്കാരിക്ക് അനുവദിച്ചതാണെന്നും ഇതുൾപ്പെടെ രണ്ടു പ്ലോട്ടുകളും ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശരവണനെ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുവരുത്തിയെങ്കിലും താൻ വീട് വച്ച് താമസിക്കുന്ന സ്ഥലം ഒഴിയാൻ തയ്യാറല്ലെന്ന് പറഞ്ഞു. 15 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞ് നൽകണമെന്ന് ശരവണന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം ഒഴിഞ്ഞുതന്നിട്ടില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ശരവണൻ ലംഘിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ശരവണനെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് അലംഭാവം നിഴലിക്കുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.