തിരുവനന്തപുരം: മൂഴിയാർ ജനറേഷൻ സർക്കിൾ ഓഫീസിൽ സുഗമമായ അന്തരീക്ഷത്തിൽ പരസ്പര സഹകരണത്തോടെ ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് മനിഷ്യാവകാശ കമ്മീഷൻ.
വൈദ്യുതി ബോർഡിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കെതിരെ കമ്മീഷനിൽ പരാതി നൽകിയ സൂപ്രണ്ടിന് മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റം നൽകണമെന്ന ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി വൈദ്യുതി ബോർഡ്(ഹ്യുമൺ റിസോഴ്സ് മാനേജമെന്റ് ) വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
പരാതിയിൽ കഴമ്പില്ലെന്നും പരാതിക്കാരന് മറ്റൊരു ഓഫീസിൽ സ്ഥലം മാറ്റം നൽകുമെന്നുള്ള ചീഫ് എഞ്ചിനീയറുടെ(എച്ച്. ആർ) റിപ്പോർട്ട് കമ്മീഷൻ അംഗീകരിച്ചു.
മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ ഓഫീസിൽ വിളിച്ച് വരുത്തി ചീഫ് എഞ്ചിനീയർ അപമാനിക്കുന്നുവെന്നാരോപിച്ച് ആർ. സന്തോഷ്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
പ്രതിപക്ഷ സംഘടനാ പ്രവർത്തകനായതുകൊണ്ടാണ് നിസാരകാര്യങ്ങൾക്ക് വരെ തന്നെ അപമാനിക്കുന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിയെ കുറിച്ച് കെ. എസ്.ഇ.ബി വിജിലൻസ് ഓഫീസർ അന്വേഷണം നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പരാതിയിൽ ഉന്നയിക്കുന്ന തരത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതിന് തെളിവില്ലെന്നും ഇപ്പോൾ അത്തരമൊരു പരാതി നിലവിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് സ്ഥലം മാറ്റം നൽകിയാൽ ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്നും റിപ്പോർട്ടിലുണ്ട്.