പാരിസ്: ഒളിംപിക്സിൽ അയോഗ്യയാക്കിയ, ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ.
വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘വിനേഷ് ഫോഗട്ട് ചാംപ്യന്മാരിൽ ചാംപ്യനാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നതാണ്. തൻറെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയില്ല. അതേസമയം, നിങ്ങൾ പ്രതിരോധത്തിൻറെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ..! ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പിന്തുണ നൽകുന്നു’- മോദിയുടെ വാക്കുകൾ.
പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷയായ പി.ടി. ഉഷയുമായി ഫോണിൽ സംസാരിച്ചുവെന്നും ഇക്കാര്യത്തിൽ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാൻ കഴിയുമെന്ന് ആരാഞ്ഞുവെന്നും ഇക്കാര്യത്തിൽ സാധ്യമയതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
പാരിസ് ഒളിംപിക്സിൽ ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഫൈനൽ നടക്കാനിരിക്കെയാണ് താരത്തിന് അയോഗ്യത ലഭിച്ചത്. ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം കൂടുതലായതിനാൽ അയോഗ്യതയാവുകയായിരുന്നു.