തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം – പെട്രോളിയം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി.
ഇത് ആ പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാന്‍ഡ്രം പ്രൊഫഷണലുകള്‍ സംഘടിപ്പിച്ച ഇന്‍ററാക്റ്റീവ് സെഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
പണിമുടക്കുകള്‍ കൊണ്ട് പൂര്‍ണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിന്‍റെ മികച്ച സുസ്ഥിരവികസനം സാധ്യമാക്കാം.
അത്തരമൊരു വികസനം റിയല്‍ എസ്റ്റേറ്റ്, വാടക വിപണികള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വികസനത്തിനായി പുതിയ സോണുകള്‍ സൃഷ്ടിക്കപ്പെടണം. കാസർഗോഡിനാണ് എയിംസ് ആവശ്യമെങ്കില്‍ അത് അവിടെ വരുമെന്നും അദ്ദേഹം.
വിപുലീകരണത്തിലൂടെ കൊച്ചി മെട്രൊയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാകും. മധുരയെ കമ്പം – തേനി വഴി വണ്ടിപ്പെരിയാര്‍ – മുണ്ടക്കയം – കാഞ്ഞിരപ്പള്ളി – കുമരകം – വൈക്കം, മുഹമ്മ എന്നിവിടങ്ങളില്‍ ബന്ധിപ്പിക്കുന്ന നാലുവഴി പാലത്തിന്‍റെ നിര്‍മാണം ആലപ്പുഴയെ തമിഴ്നാട്ടിലൂടെയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലൂടെയും ദേശീയപാതയുമായി ബന്ധിപ്പിക്കും.
വയനാടിന്‍റെ പുനര്‍നിര്‍മാണത്തിൽ സുതാര്യത ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കണം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാകാതെ ഫണ്ടുകളുടെ സമഗ്രമായ ഓഡിറ്റ് ആവശ്യപ്പെടുന്ന സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനാണ് കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ആവശ്യപ്പെടുന്നത്.
അര്‍ഹതപ്പെട്ട പ്രദേശങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ശ്രദ്ധയും വിഭവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വികസനത്തിന് കൂടുതല്‍ നീതിപൂര്‍വകമായ സമീപനം വേണമെന്നും സുരേഷ് ഗോപി.
സി.എസ്.ഐ.ആർ – എൻ.ഐ.ഐ.എസ്.റ്റി ഡയറക്‌റ്റർ ഡോ. സി അനന്തരാമകൃഷ്ണൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ് റീജിയണൽ കൗൺസിൽ അംഗം രേഖ ഉമാ ശിവ്, എൻ സുബ്രഹ്മണ്യശർമ, രമാ ശർമ എന്നിവർ പ്രസംഗിച്ചു.