ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുരിൽ ഓട്ടോ റിക്ഷ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ച് ഏഴു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പതിമൂന്ന് പേരാണ് ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് ആഗം ജയിൻ പറഞ്ഞു.
ഉത്തർ പ്രദേശിലെ മഥുരയിൽ നിന്ന് ഛത്തർപുരിലെ ബാഗേശ്വർ ധാമിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്കാണ് സി.എൻ.ജി ഓട്ടോ റിക്ഷ ഇടിച്ചു കയറിയത്. മരിച്ചവരിൽ ഓട്ടോ റിക്ഷ ഡ്രൈവറും ഒരു വയസുള്ള പെൺകുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടുന്നു.