
രാജാക്കാട്: ചെരുപുറത്ത് പ്രവർത്തിക്കുന്ന വി.എസ് ബാഡ്മിൻ്റൻ അക്കാഡമിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ
ഭാഗമായി ഡി ലെവൽ ബാഡ്മിൻ്റൻ മത്സരം സംഘടിപ്പിച്ചു. കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രമുഖരായ 31 പുരുഷ ടീമുകളും,6 വനിത ടീമുകളും മത്സരങ്ങളിൽ പങ്കെടുത്തു.വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇടുക്കി ഡപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ് നിർവ്വഹിച്ചു.
നിരവധി പ്രശസ്ത കായിക താരങ്ങൾക്ക് ജന്മം നൽകിയ രാജാക്കാട്ട് നിലവിൽ സർക്കാർ തലത്തിൽ ഒരു ഇൻഡോർ സ്റ്റേഡിയം സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണ് 2024 ഫെബ്രുവരി മാസത്തിൽ രാജാക്കാട് ചെരുപുറത്ത് റിട്ട.പോലീസ് ഇൻസ്പെക്ടർ വി.എസ് ഷാജി ബാഡ്മിൻ്റൻ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെയും യുവജനങ്ങളേയും കായികപരമായി ഉന്നതിയിലെത്തിക്കുക, ആരോഗ്യമുള്ള വ്യക്തികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥലംവാങ്ങി ഒരു ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ച് ബാഡ്മിൻ്റൻ അക്കാഡമി അവിടെ ആരംഭിച്ചത്.
ദേശീയതാരവും കോച്ചുമായ കോട്ടയം സ്വദേശി മുഹമ്മദ് ഫാസിൽ,അസിസ്റ്റൻ്റ് കോച്ചുമാരായ റ്റിജിൻ റ്റി
ടൈറ്റസ്,അമൽ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 5 നും 45 നും ഇടയിൽ പ്രായമുള്ള 45 താരങ്ങൾക്ക് ഇവിടെ
കോച്ചിംഗ് നൽകി വരുന്നുണ്ട്. വിവിധ മേഖലയിലുള്ള 75 ഓളം പേർ രാവിലെയും വൈകിട്ടുമായി ഇവിടെ കളിക്കാൻ എത്തുന്നുണ്ട്.
വാർഷിക ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വനിത വിഭാഗത്തിൽ മുരിക്കാശ്ശേരി ടീം ഒന്നാം സ്ഥാനവും,നെടുങ്കണ്ടം ടീം രണ്ടാം സ്ഥാനവും പുരുഷ വിഭാഗത്തിൽ തമിഴ്നാട് കമ്പം ടീം ഒന്നാം സ്ഥാനവും നേടി. കോട്ടയം ടീം രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.ടൂർണമെന്റ് കോഡിനേറ്റർമാരായ വി.എസ് ഷാജി,മിത്രൻ ഗോപി,മിഥുൻ സോമൻ,റ്റിജോ ടി.ടൈറ്റസ്,അമൽ തങ്കച്ചൻ ആൾജോ എല്ലക്കൽ എന്നിവർ നേതൃത്വം നൽകി.