ഇടുക്കി: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന “ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ” എന്ന പേരിൽ ജനകീയ ക്യാമ്പയിന് ജില്ലയിൽ ലോക ക്യാൻസർ ദിനമായ ഫെബ്രുവരി 4 ന് തുടക്കമാവും. സർക്കാർ ,സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ സംഘടനകൾ ,പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ചു കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി നാലിന് രാവിലെ പത്തുമണിക്ക് കുമിളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിക്കും
ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. 30 വയസ്സിന് മുകളിൽ പ്രായമായ സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുക.
സ്ത്രീകളിലെ ക്യാൻസർ സംബന്ധിച്ച് പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെപ്പറ്റി സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുക,വിവിധതരം ക്യാൻസറുകൾ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാ ധാരണകൾ, ഭീതി എന്നിവ അകറ്റുക ., ക്യാൻസർ ബാധിതരോട്സമൂഹത്തിനുള്ള സഹാനുഭൂതി വർധിപ്പിക്കുകയും, സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും, ചെയ്യുക. ലക്ഷ്യവിഭാഗത്തിൽപ്പെടുന്ന പരമാവധി സ്ത്രീകളെ സ്തന പരിശോധന, ഗർഭാശയ ഗള പരിശോധന എന്നിവയ്ക്ക് വിധേയരാക്കുക, അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുക. അതുവഴി ക്യാൻസർ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഫെബ്രുവരി നാലിന് തുടങ്ങി വനിതാദിനമായ മാർച്ച് 8 വരെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുക. ജില്ലയിലെ സർക്കാർ കേന്ദ്രങ്ങളിൽ ആഴ്ചയിലെരിക്കൽ കാൻസർ സ്ക്രീനിംഗിനായി ജീവനക്കാരെ സജ്ജമാക്കും.ദാരിദ്ര രേഖയ്ക്ക് താഴെ ഉള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ പരിശോധന ലഭ്യമാക്കും. മറ്റുള്ളവർക്ക് മിതമായ നിരക്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും പരിപാടിയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായി.
പല ക്യാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും ഭയം ആശങ്ക കാരണങ്ങളാൽ ബഹുഭൂരിപക്ഷവും പരിശോധനയ്ക്ക് എത്തുന്നില്ല ഫെബ്രുവരി നാല് മുതൽ മാർച്ച് 8 വരെ വിവിധതരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് സജ്ജമായിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എല്ലാ സ്ഥാപനങ്ങളിലും പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നടക്കുന്ന കുമളിയിലും തൊടുപുഴ,പാമ്പാടുംപാറ എന്നിവിടങ്ങളിലും ക്യാമ്പയിനിന്റെ ഭാഗമായി വിവിധതരം സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. ‘ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.