തിരുവനന്തപുരം: മലയാള സിനിമയിൽ ഉയർന്നു വരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമങ്ങളോട് കയർത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
പുതിയ ആരോപണങ്ങൾ ഉയർന്ന് വരുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ. നിങ്ങൾ അത് വച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്.
ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിൻറെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോഴാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനം എടുക്കും. ഉയർന്ന് വന്ന പരാതികളെല്ലാം ആരോപണങ്ങളാണെന്നും പറഞ്ഞ സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു.