Timely news thodupuzha

logo

മൂലമറ്റത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

ഇടുക്കി: മൂലമറ്റത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ -വാഗമണ്‍ റൂട്ടില്‍ പുത്തേടിനു സമീപമുള്ള കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. ബാംഗ്ലൂരില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്ക്ക് മറിയാതെ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരാണ് ആദ്യം ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് കാഞ്ഞാര്‍ പോലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെങ്കിലും കാഞ്ഞാര്‍ -പുള്ളിക്കാനം റൂട്ടില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *