Timely news thodupuzha

logo

അമ്മയിൽ കൂട്ട രാജി

കൊച്ചി: അമ്മ സംഘടനയിൽ കൂട്ട രാജി. സംഘടനാ പ്രസിഡന്‍റ് മോഹൻലാൽ ഉൾപ്പെടെ 17 ഭരണസമിതി അംഗങ്ങളും രാജിവച്ചു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതു വരെ ഭരണച്ചുമതല അഡ്ഹോക് കമ്മിറ്റിക്കായിരിക്കും.

ചൊവ്വാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിനു പിന്നാലെയാണ് രാജി പ്രഖ്യാപനം. അഡ്ഹോക് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം.

ഹേമ കമ്മിറ്റി റിപ്പോർട്ടറിനെത്തുടർന്ന് പരാതിയുമായി കൂടുതൽ പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.

ധാർമിക ഉത്തരവാദിത്വം മുൻ നിർത്തിയാണ് രാജിയെന്ന് പ്രസിഡന്‍റ് മോഹൻലാൽ പ്രതികരിച്ചു. തിരുത്തിയതിനും വിമർശിച്ചതിനും നന്ദിയെന്നും, പുതിയ സംഘടയിൽ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ.

വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം – ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

Leave a Comment

Your email address will not be published. Required fields are marked *