Timely news thodupuzha

നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കെ.എസ്.ആർ.ടി.സി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ളവർക്കാണ് പരുക്കേറ്റത്.

എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരുക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *