കൊച്ചി: ബലാത്സംഗക്കേസിൽ പ്രമുഖ നടനും എം.എൽ.എയുമായ എം മുകേഷിൻറെ മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങി പരാതിക്കാരി.
പ്രോസിക്യൂഷൻ അപ്പീൽ നൽകിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.
നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറ് പേർക്കെതിരെയാണ് അന്വേഷണം.
ഇതിൽ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു.
അപ്പീൽ നൽകാതിരുന്നാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ അപ്പീൽ നൽകുന്നതിനെതിരെ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷനെ വിലക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതിനു ശേഷമാണ് പ്രോസിക്യൂഷൻ പിന്നോട്ട് പോയത്. നിയമ വശങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം തുടർനടപടി മതി എന്നാണ് നിലവിലെ നിലപാട്.