മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം.
തിരുവാലിയിലെ നാല് മുതൽ ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും.
ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി. ഇവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസുകാരനായ യുവാവിനാണ് ഞായറാഴ്ച നിപ സ്ഥിരീകരിച്ചത്. യുവാവിൻറെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പിസിആർ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു.
കൂടാതെ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. യുവാവ് നാല് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്.
ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ച് പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.
അതേസമയം, മരിച്ച യുവാവിനെ കൂടാതെ തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച മൂന്ന് പേർക്ക് കൂടി നേരത്തെ നിപ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിൽ രണ്ട് പേരെ മഞ്ചേരി മെഡി. കോളെജിൽ പരിശോധയ്ക്കയച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിപ സംശയത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊർജിതമാക്കി.