Timely news thodupuzha

logo

ഇടുക്കി മെഡിക്കൽ കോളേജിലെ മുഴുവൻ നിർമ്മാണ പ്രവൃത്തികളും ആറ് മാസത്തിനകം പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

ഇടുക്കി: മെഡിക്കൽ കോളേജിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും 2025 മാർച്ച് ഒമ്പതിനകം പൂർത്തീകരിക്കണമെന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ് കോയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സർക്കാറിൻ്റെ നൂറ്ദിന കർമ്മപരിപാടികളുടെ ഭാഗമായി ഇടുക്കി മെഡിക്കൽ മെഡിക്കൽ കോളേജ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ വി വിഘ്നേശ്വരി, ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. ഇടുക്കി മെഡിക്കൽ കോളേജിന് മാത്രമായി കാർഡിയാക് വിഭാഗം ഉൾപ്പെടെ 51 ഡോക്ടർ തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. ലക്ചർ ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട് . ഇനിയും പ്രവൃത്തികൾ തീർക്കാനുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കണം.

പുതുതായി അനുവദിക്കപ്പെട്ട അമ്പത് ഏക്കർ സ്ഥലം ഉപയോഗപ്പെട്ടത്തുന്നതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. സാധ്യമായ എല്ലാ പരിഗണനയും ഇടുക്കി മെഡിക്കൽ കോളേജിൻ്റെ കാര്യത്തിൽ സർക്കാറിനുണ്ട്. കാത്ത് ലാബ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.

പാറേമാവ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡി എം ഇ ഡോ. തോമസ് മാത്യു, ഡി എം ഒ ഡോ. എൽ മനോജ്, മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ , ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗ്ഗീസ്, കിറ്റ് കോ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *