കോട്ടയം: പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ സംസ്ഥാനത്തെ മൂന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി തലയാഴം ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായ പി.വി അഭിലാഷ്, പി.സി സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കറായ പി സുരേഷ് കുമാര്‍ എന്നിവർക്ക് എതിരെയാണ് നടപടി. കോട്ടയത്ത് തലയാഴത്തെ 11 കെ.വി ഫീഡര്‍ ഓഫ് ചെയ്ത സംഭവത്തിലാണ് രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തലയാഴം സെക്ഷനിലെ ജീവനക്കാരായ അഭിലാഷും സലിം കുമാറും ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ജീവനക്കാർ ചോദ്യം ചെയ്തെന്നും ഇതിന്‍റെ പ്രതികാര നടപടിയായി തലയാഴം 11 കെ.വി ഫീഡര്‍ ഓഫ് ചെയ്തെന്നുമാണ് ആരോപണം. ഈ കാരണത്താൽ പ്രദേശത്താകെ വൈദ്യുതി മുടങ്ങി.
ജീവനക്കാരുടെ പ്രവൃത്തി സംബന്ധിച്ച വാർത്തകൾ വന്നതോടെ ഇക്കാര്യം അന്വേഷിക്കാൻ കെ.എസ്.ഇ.ബി ചെയർമാൻ ഉത്തരവിട്ടിരുന്നു. ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ച് ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ സുരേഷ് കുമാറിനെതിരെ കേസുണ്ട്.

ഈ കേസിൽ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇയാൾക്കെതിരായ നടപടിയെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.