Timely news thodupuzha

logo

തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാൾ(എസ്.എ.റ്റി) ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പരസ്പരം പഴിചാരി ആശുപത്രിയിലെ പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കൽ വിഭാഗവും കെ.എസ്.ഇ.ബിയും.

കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്.എ.റ്റി അധികൃതരുടെ വാദം. എന്നാൽ സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.

സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്. ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

എസ്.എ.റ്റി ലൈനിലും ട്രാൻസ്ഫോർമറിലും വൈകീട്ട് 3.30നാണ് കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി തുടങ്ങിയത്. ഇത് 5.30 വരെ നീളുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

പക്ഷെ 5.30ന് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ വൈദ്യുതി വന്നില്ല. പിന്നീട് വീണ്ടും 5.30 മുതൽ 7.30 വരെ ജനറേറ്റർ ഓടിച്ചു. എന്നാൽ 7.30 ഓടെ ആശുപത്രിയിലെ രണ്ട് ജനറേറ്ററുകളും കേടായി. ഇതോടെ മൊത്തം ഇരുട്ടായി.

ചെറിയ കുട്ടികൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയായി കണക്കാക്കപ്പെടുന്ന എസ്.എ.റ്റിയിലെ അത്യാഹിത വിഭാഗം അടക്കം ഇരുട്ടിലായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്ത് നിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *