Timely news thodupuzha

logo

വനിതാ 2020 ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: ഐ.സി.സി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ സംഘം പാക്കിസ്ഥാനെതിരേ ആറ് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യൻ ബൗളർമാർ ഇരുപത് ഓവറിൽ 105/8 – നിലയിൽ ഒതുക്കി നിർത്തി.

28 റൺസെടുത്ത നിദ ദർ പാക്കിസ്ഥാന്‍റെ ടോപ് സ്കോററായപ്പോൾ, ഇന്ത്യക്കു വേണ്ടി പേസ് ബൗളിങ് ഓൾറൗണ്ടർ അരുന്ധതി റെഡ്ഡി 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓഫ് സ്പിന്നർ ശ്രേയാങ്ക പാട്ടീൽ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങിയും മലയാളി ലെഗ് സ്പിന്നർ ആശ ശോഭന 24 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് നേടി. ന്യൂബോളെടുത്ത രേണുക സിങ്ങും ദീപ്തി ശർമയും ഓരോ വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ് ഓൾറൗണ്ടർ പൂജ വസ്ത്രാകറിന് പകരം മലയാളി ബിഗ് ഹിറ്റർ സജന സജീവനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

അങ്ങനെ രണ്ട് മലയാളികൾ ഒരുമിച്ച് കളിക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പ് മത്സരമായും ഇതു മാറി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഏഴ് പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്.

ശൈലി മാറ്റി ക്ഷമയോടെ ബാറ്റ് ചെയ്ത് 35 പന്തിൽ 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ടോപ് സ്കോറർ. ക്ലാസ് ഓപ്പണർ സ്മൃതി മന്ഥന (7) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. മൂന്നാം നമ്പറിൽ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗറിനെ കളിപ്പിക്കാനുള്ള പദ്ധതിയിലും ഇന്ത്യ മാറ്റം വരുത്തി.

രണ്ട് സന്നാഹ മത്സരങ്ങളിലും ന്യൂസിലൻഡിനെതിരേയും പരാജയമായ ഹർമൻപ്രീതിനു പകരം ജമീമ റോഡ്രിഗ്സാണ് വൺ ഡൗണായി കളിച്ചത്. 28 പന്തിൽ 23 റൺസും നേടി. നാലാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ 24 പന്തിൽ 29 റൺസെടുത്ത് പരുക്കേറ്റ് മടങ്ങി.

തുടർന്നെത്തിയ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും ദീപ്തി ശർമയും (7), ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സജനയും ചേർന്ന് കൂടുതൽ അപകടമില്ലാതെ ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. അരുന്ധതിയാണ് പ്ലെയർ ഓഫ് ദ മാച്ച്.

Leave a Comment

Your email address will not be published. Required fields are marked *