Timely news thodupuzha

logo

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ഉടുമ്പൻചോല: കഴിഞ്ഞ മാസം 15 നായിരുന്നു ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകൻ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്തത്. ഇതിന്റെ വൈരാ​ഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. എട്ടുപേരടങ്ങുന്ന സംഘം വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയി. മറ്റ് പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ ശിവൻ മകൻ എബിൻ (20), ചതുരംഗപ്പാറ വട്ടപ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ പളനി മകൻ വിഷ്ണു (28) ചെമ്മണ്ണാർ പാറപ്പെട്ടിയിൽ വീട്ടിൽ മാരിമുത്തു മകൻ അരുൺ (20) എന്നിവരെ ഉടുമ്പഞ്ചോല എസ്.ഐ അബ്‌ദുൾഖനി എ.എസ്.ഐ വിജയകുമാർ തുടങ്ങിയവർ അടങ്ങുന്ന പോലീസ് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിൽ പോയിരുന്ന പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നത് കൊണ്ട് പോലീസ് വളരെ പ്രയാസപ്പെട്ടാണ് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂരിലേക്കും അവിടെ നിന്ന് മൈസൂരിലേക്കും പോയെന്ന് മനസ്സിലാക്കി. തുടർന്ന് മൈസൂരിന് സമീപം ഉള്ള വാഹനം പോലും കടന്നു ചെല്ലാത്ത ഒരു കുഗ്രാമത്തിൽ രഹസ്യ സങ്കേതത്തിൽ കഴിഞ്ഞിരുന്ന അന്വേഷണസംഘം ഈ സ്ഥലങ്ങളിൽ എത്തി പ്രതികള പിടികൂടുകയായിരുന്നു.

പ്രതികളായ ചതുരംഗപ്പാറ റോയി മകൻ റോണി(20), ചതുരംഗപ്പാറ വേൽമുരുകൻ മകൻ സൂര്യ(18), വട്ടപ്പാറ കുഞ്ഞാഗസ്തി മകൻ അലക്സ്(22) വട്ടപ്പാറ പുരുഷോത്തമൻ മകൻ അഖിൽ(22), ചതുരംഗപ്പാറ ജോയി മകൻ ബേസിൽ(21) എന്നിവരെയാണ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *