Timely news thodupuzha

logo

തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്

തിരുവനന്തപുരം: നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം മുന്നില്‍ നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്.

ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.ഇതില്‍ തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69.70 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

ഒരു ദിവസം കൂടി മാത്രം അവശേഷിക്കെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12.78 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.

9.21 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8.44 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് വി.കെ.പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്‍റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്‍റെ ഉദ്ഘാടനവും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും.

ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍, ജോയിന്‍റ് ഡയറക്ടര്‍മാരായ മായ. എന്‍. പിള്ള, എം.രാജ് കപൂര്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *