കട്ടപ്പന: അകാലത്തിൽ അന്തരിച്ച നാടകകൃത്ത് കെ.സി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കട്ടപ്പന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച നാടകാവതരണം നാടകകൃത്തിനുള്ള നാടിൻ്റെ ആദരവായി മാറി. കെ.സി ജോർജ് രചന നിർവഹിച്ച അവസാന നാടകമായ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷനെന്ന നാടകമാണ് കട്ടപ്പന സി.എസ്.ഐ ഓഡിറ്റേറിയത്തിൽ നിറഞ്ഞ സദസിൽ അരങ്ങേറിയത്.
ഓണം മുതൽ നാടകം അരങ്ങിലെത്തിയെങ്കിലും രോഗബാധിതനായതിനാൽ കെ.സിയ്ക്ക് നാടകം കാണാൻ കഴിഞ്ഞിരുന്നില്ല.കട്ടപ്പനയിൽ നടന്ന നാടകാവതരണം കാണുവാൻ കെ.സി ജോർജിൻ്റെ കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് സി.എസ്.ഐ ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.
ദർശന,പുരോഗമന കലാസാഹിത്യ സംഘം, ഫ്രണ്ട്സ് ഓഫ് കട്ടപ്പന,മലയാളി ചിരി ക്ലബ്ബ്, മർച്ചൻ്റ്സ് യൂത്ത് വിംഗ്,റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ,റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്,യൂത്ത് യുണൈറ്റഡ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നാടകാവതരണം സംഘടിപ്പിച്ചത്. കെ.സി യുടെ രചനയിൽ ജനിച്ച സത്യമംഗലം ജംഗ്ഷൻ്റെ സംവിധാനം രാജീവൻ മമ്മളിയും നിർമാണം സുബൈർക്കാൻ സരിഗയുമാണ്. അരങ്ങിലെത്തിയ നടീ നടൻമാൻ അഭിനയ മികവിനാൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.
ഓച്ചിറ സരിഗയുടെ അതിരുകളില്ലാത്ത ആകാശം എന്ന നാടകത്തിലൂടെ പ്രെഫഷണൽ നാടക രംഗതെത്തിയ കെ.സി യുടെ അവസാന നാടകവും ഒച്ചിറ സരിഗയുടേതായിമാറി. നാടകത്തിൻ്റെ ആദ്യാവസാനം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ സത്യമംഗലം ജംഗഷനെ ഏറ്റെടുത്ത് ഒപ്പം ഈ നാടകം കെസിയ്ക്കുള്ള നാടിൻ്റെ അർഹതപ്പെട്ട അന്ത്യാജലിയായി മാറുകയും ചെയ്തു.