കൊച്ചി: മുൻ ഭാര്യയുടെ പരാതിയുടെ പേരിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബാലയ്ക്കെതിരെ മുൻ ഭാര്യ പരാതി നൽകിയത്. ബാലയുമൊത്ത് ജീവിക്കുന്ന സമയത്ത് ശരീരീരകമായി ഉപദ്രവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോൾ പൊലീസ് സ്‌റ്റേഷനിലുള്ളത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുൻ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്.
ബന്ധം വേർപെടുത്തിയ ശേഷവും ഭാര്യയെയും മകളെയും പിന്തുടർന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തിൽ ബാലയുടെ മകൾ തന്നെ പരസ്യമായി ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീത്വതെ അപമാനിക്കുന്നതിന് എതിരായ വകുപ്പും ബാലനീതി വകുപ്പും അടക്കം ചുമത്തിയാണ് ബാലക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.