Timely news thodupuzha

logo

ലൈം​ഗീക പീഡനക്കേസ്; സിദ്ദിഖിനെ കന്‍റോൺമെന്‍റ് പൊലീസ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ കന്‍റോൺമെന്‍റ് പൊലീസ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തിയത്. പൊലീസ് ആവശ്യപ്പെട്ട മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. പൊലീസിന്‍റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരേ പൊലീസ് കേസെടുത്തത്. 2016ൽ മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്‍റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ച് വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ ന‌ടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദി‌ഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീം കോടതിയെ സമീപിച്ച അദ്ദേഹം അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സ്വന്തമാക്കി. ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവിൽ നിന്നും പുറത്തെത്തിയത്. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *