കൊല്ലം: കൊല്ലത്ത് പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് ഇതാദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കുറയാഞ്ഞതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയതോടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജലാശയങ്ങളിൽ ഇറങ്ങുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.