Timely news thodupuzha

logo

നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ജോർജ് ജേക്കബ് കൂവക്കാട്

ചങ്ങനാശേരി: നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാൻസിസ് മാർ‌പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം.

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. മോൺസിഞ്ഞോർ കൂവക്കാടിന്‍റെ മെത്രാഭിഷേകം നവംബർ 24ന് മാർ റാഫേൽ തട്ടിലിന്‍റെ നേതൃത്വത്തിൽ ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലും കർദിനാൾ വാഴിക്കൽ ചടങ്ങ് ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിലും നടക്കും.

ഇന്ത്യയിൽ നിന്ന് ഇതാദ്യമായാണ് ഒരു വൈദികന്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാളെന്ന വിശേഷണവും മോണ്‍. ജോര്‍ജ് കൂവക്കാടിന് സ്വന്തമാണ്.

ഇതോടെ കേരളത്തില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മോൺ. ജോർജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ്.

1973 ഓഗസ്റ്റ് 11ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയിൽ കൂവക്കാട് ജേക്കബ് വര്‍ഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് ജനനം. 2004ല്‍ ചങ്ങനാശേരി അതിരൂപത വൈദികനായി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വത്തിക്കാനിലെത്തി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിൽ നയതന്ത്ര സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധി കേന്ദ്രങ്ങളില്‍ പ്രവർത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *