Timely news thodupuzha

logo

ബാംഗ്ലൂരിൽ പാലാ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരേ ആക്രമണം; 5 വയസുകാരൻറ തലയ്ക്ക് പരുക്ക്

ബാംഗ്ലൂർ: മലയാളി കുടുംബത്തിന് നേരേ ബാംഗ്ലൂരിൽ ആക്രമണം. സോഫ്റ്റ്‌വെയർ എൻജീനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിൻറ കാറിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനൂപിൻറെ അഞ്ച് വയസുകാരനായ മകൻറെ തലയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 9.30ന് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം.

അനൂപും കുടുംബവും ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിൻറെ കാർ ആക്രമിക്കുകയായിരുന്നു. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാർ ചൂഡസാന്ദ്രയിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞുനിർത്തി ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു.

എന്നാൽ അപകടസാധ്യതയുള്ളതിനാൽ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ അനൂപ് തയാറായില്ല. ഇടത് വശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാൽ കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിൻവശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു.

ഇതോടെ സ്റ്റീവിൻറെ തല മുറിഞ്ഞു. പിന്നാലെ അനൂപും ഭാര്യയും കാറിൽ നിന്നിറങ്ങി. എന്നാൽ ഈ സമയം അക്രമികൾ ബൈക്കെടുത്ത് പോയി. മകനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

പരുക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടർന്ന് പൊലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിൻറെ ദൃശ്യം പങ്കുവെച്ചു. അനൂപിൻറെ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു. ദൃശ്യമുണ്ടായിരുന്നതിനാൽ അക്രമികളെ വേഗം തിരിച്ചറിഞ്ഞു. പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി.

ആശുപത്രിയിലെത്തിയപ്പോൾ രണ്ട് പേർ പിന്തുടർന്നെത്തി ഒത്തുതീർപ്പാക്കാമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അനൂപ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *