ഇടുക്കി: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന(പി.എം.ജി.എസ്.വൈ) പ്രകാരം ഗ്രാമീണ റോഡുകൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും 15ന് മുമ്പായി പദ്ധതിയുടെ പേരുകളും വിവരങ്ങളും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ നിർദേശിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ വെട്ടാനും ,ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനുമാണ് മുൻഗണന.റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും, വീതി 6 മീറ്ററും ഉണ്ടാവണം. സൗജന്യമായി സ്ഥലം വിട്ടുകൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസകേന്ദ്രത്തിലേക്കും പുതുതായി റോഡുകൾ നിർമ്മിക്കാം. റോഡുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തുകൾ ഏറ്റെടുത്ത് ഫ്രീ സറണ്ടർ ചെയ്ത് ജില്ലാതല കാര്യാലയങ്ങളിലേക്ക് കൈമാറണം.
റോഡുകളുടെ പേര്, പഞ്ചായത്ത്, റോഡുകൾ സ്ഥി ചെയ്യുന്ന വാർഡ് നമ്പർ, റോഡുകളുടെ വീതി, നീളം,വീടുകളുടെ എണ്ണം,ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര് ,മോബൈൽ നമ്പർ എന്നിവ സഹിതം ഗ്രാമപഞ്ചായത്തുകളിലേക്ക് പി.എം.ജി.എസ്.വൈ ജില്ലാകാര്യാലയത്തിൽ ൽ നിന്നും അയച്ച് നൽകിയിരിക്കുന്ന ഗൂഗിൾ ഷിറ്റിൽ രേഖപ്പെടുത്തി നൽകണം.നിർദ്ദിഷ്ട റോഡുകളുടെ അലൈൻമെൻറും മറ്റ് വിവരങ്ങളും കേന്ദ്രസർക്കാർ സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധിച്ച് പ്രോജക്ട് തയ്യാറാക്കുന്നതിന് അന്തിമ അനുമതി നൽകും. ഇനിയും വിവരങ്ങൾ ലഭ്യമാക്കാത്ത ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉടൻ വിവരങ്ങൾ നൽകണമെന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.