കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്ത വിപണിയിൽ 72 മുതൽ 78 രൂപ വരെയാണ് സവാളയ്ക്ക വില. കൊച്ചിയിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 88 രൂപയാണ് വില.
ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിൻറെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്ട്രയിലെ മാർക്കറ്റ് അവധിയായിരുന്നതിനാലാണ് സവാള വില ഉയർന്നത്. മഹാരാഷ്ട്രയിലെ മാർക്കറ്റ് സജീവമാകുന്നതോടെ പതിയെ സവാള വില താഴുമെന്നാണ് പ്രതീക്ഷ.
സവാളയുടെ മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിലും സവാള വിലയിൽ വർധനവുണ്ട്. ക്വിൻറലിന് റെക്കോഡ് നിരക്കായ 5400 രൂപയാക്കാണ് സവാള ലേലത്തിനു പോകുന്നത്.