പീരുമേട്: കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചിന്നാർ സ്വദേശിനി ലിഷമോൾ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി.
മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും നൽകിയ പരാതിയെ തുടർന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജിയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ടായി. കഴിഞ്ഞ ജൂണിൽ നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗിന്നസ് മാട സാമി വീണ്ടും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.
ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പിലെ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാരിന് നൽകിയിരുന്നു. നിയമ സഭ പെട്ടീഷൻ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പീരുമേട്ടിലെ ചിന്നാർ നാലാം മൈൽ സിദ്ധൻ ഭവനിൽ സി.ആർ രാമരുടെ മകളായ ലിഷമോൾ(30) മെഡിക്കൽ കോളജ് ആശുപത്രിയിൽ 2022 ജൂലൈ 24നാണ് ചികിത്സ തേടിയത്. ഡോക്ടർ പരിശോധിക്കാൻ തയാറായില്ലെന്നും തിരക്കുള്ളവർക്ക് മറ്റ് ആശുപത്രിയിലേക്ക് പോകാമെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞുവെന്നുമാണു പരാതി.
ലിഷമോളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. വാഗമൺ മലനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു ലിഷമോൾ. സൂരജ് കെ സുധാകരനാണ് ഭർത്താവ്. നാല് വയസ്സുള്ള മകനുമുണ്ട്.