തിരുവനന്തപുരം: കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ തോമസ് എം.എൽ.എയ്ക്ക് എൻ.സി.പിയുടെ ക്ലീൻ ചിറ്റ്. പാർട്ടി തല അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നരുന്നു. ഇത് ശരിവച്ചുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്.
എൽ.ഡി.എഫ് എം.എൽ.എമാരായ ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻ.സി.പി അജിത് പവാറിന്‍റെ ഭാഗത്തേക്ക് കൂറുമാറാനായി 50 ലക്ഷം വീതം കോഴ വാഗ്ദാനം ചെയ്തെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയനാണ് ലഭിച്ചത്.
ഇത് ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നിൽ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ തള്ളുകയും ചെയ്തിരുന്നു. എൻ.സി.പിയുടെ അന്വേഷണ കമ്മിഷന് മുന്നിലെത്തിയ കോവൂർ കുഞ്ഞുമോൻ ഇത്തരമൊരു സംഭവം ഉണ്ടായിട്ടേ ഇല്ലെന്ന് വിശദീകരിക്കുകയായിരുന്നു.
തോമസ് കെ തോമസും തനിക്കെതിരായ അന്വേഷണ റിപ്പോർട്ട് പാടെ തള്ളുകയായിരുന്നു. ഇത്തരമൊരു വിഷയത്തെക്കുറിച്ച് മാധ്യമങ്ങൾ വഴി പുറത്തു വന്ന വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ രണ്ട് മൊഴികളും അംഗീകരിച്ചുള്ള റിപ്പോർട്ടാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്ക് കൈമാറിയത്.