തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് ടൂറിസം പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻറ് റിക്രിയേഷണൽ ഹബ്ബ് പദ്ധതിക്കും 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളെന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്. കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിന് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നൽകിയിരുന്നു.
അതിൻറെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആൻറ് റിക്രിയേഷണൽ ഹബ്ബെന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സർഗാലയ ആർട് ആൻറ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളെന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
സർഗാലയ ആർട് ആൻറ് ക്രാഫ്റ്റ് വില്ലേജിൻറെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.