Timely news thodupuzha

logo

ഗവർണർക്കെതിരെ പ്രതിഷേധവുമായി സി.പി.എം

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്‌കാലിക വൈസ്‌ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചട്ടങ്ങൾ ലംഘിച്ച്‌ ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പറഞ്ഞു. കെടിയുവിൽ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനേയും നിയമിച്ചത്‌ സർവകലാശാല ചട്ടങ്ങളേയും ഇത്‌ സംബന്ധിച്ച കോടതി നിർദേശങ്ങളേയും കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്‌. നേരത്തെ കെടിയുവിൽ സിസ തോമസിനെ താൽകാലിക വിസിയായി നിയമച്ചപ്പോൾ തന്നെ കോടതി തടഞ്ഞതാണ്‌.

അത്‌ സംബന്ധിച്ച്‌ വ്യക്തത ആവശ്യപ്പെട്ട്‌ ഗവർണർ സമീപിച്ചപ്പോൾ പഴയ ഉത്തരവ്‌ ആവർത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തത്‌. അതായത്‌, കെടിയുവിൽ സർവ്വകലാശാല നിയമപ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന്‌ മാത്രമേ ചാൻസലർക്ക്‌ നിയമിക്കാൻ അധികാരമുള്ളു.

ഡിജിറ്റൽ സർവകലാശാലയിലും ഇത്‌ ബാധകമാണ്‌.​ എന്നാൽ, സർക്കാർ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ്‌ ഇപ്പോൾ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്‌.

ഹൈക്കോടതി ഉത്തരവിട്ട്‌ 24 മണിക്കൂർ കഴിയും മുൻപേ അത്‌ ലംഘിച്ച്‌ വിസിമാരെ നിയമിച്ചത്‌ കടുത്ത ധിക്കാരവും നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണ്‌.

നിയമവിരുദ്ധമായി മനപ്പൂർവ്വം കാര്യങ്ങൾ ചെയ്യുകയും കോടതിവ്യവഹാരങ്ങൾ വഴി സർവ്വകലാശാലകളെ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുകയുമാണ്‌ ചാൻസലർ ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *