പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാരുടക്കൂടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും ഉണ്ടായതായി റിപ്പോർട്ട്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം ഓരോരുത്തരും യാത്ര ചിലവിന് നൽകിയിരുന്നു.
60 പേരുള്ള റവന്യൂ വിഭാഗത്തിലെ 39 പേരാണ് കൂട്ട അവധി എടുത്തത്. ഇതിൽ 19 പേർ മുൻകൂട്ടി അവധിക്ക് അപേക്ഷിച്ചിരുന്നു. 20 പേർ അനധികൃതമായി അവധിയെടുത്താണ് മൂന്നാറിലേക്ക് വിനോദയാത്ര പോയത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. സ്പോൺസർഷിപ്പിലാണോ യാത്ര സംഘടിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ കലക്ടർ അന്വേഷിക്കും.
സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞിരുന്നു.സർക്കാർ ജീവനക്കാർക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. അഞ്ച് ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം തുടർ നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ ന്യായീകരണം.